2014 നവംബർ 22, ശനിയാഴ്‌ച

::എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍::

-എപ്പിടപ്പി
സാമ്പാര്‍ എന്ന്‍ കേള്‍കുമ്പോള്‍ നിങ്ങള് വിചാരിക്കും ഞാന്‍ ആദ്യമായിട്ട് സാമ്പാര്‍ വെച്ച കഥയാന്നെന്ന്‍. എന്നാല്‍ ഇതിന് സാമ്പാറുമായി യാതൊരു ബന്ധവുമില്ല. ഇതൊരു പോപ്പിന്‍സിന്‍റെ  കഥയാണ്‌.

അന്നെന്‍റെ നഴ്സറിക്കാലം. വെങ്ങോലക്കവലയിലെ വാപ്പയുടെ തയ്യല്‍ക്കട കഴിഞ്ഞാണ് നഴ്സറി. നഴ്സറിയില്‍ കൊണ്ടാക്കുന്നതും തിരിച്ച് വീട്ടില്‍ കൊണ്ടുപോകുന്നതും ഉമ്മച്ചിയുടെ ജോലിയാണ്. ഒരു ദിവസം നഴ്സറി വിട്ട് വീട്ടില്‍ പോകുന്നതിനിടയില്‍ സഹപാഠിയുടെ കയ്യില്‍ കണ്ട പോപ്പിന്‍സ്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരെണ്ണം കിട്ടിയെങ്കില്‍ എന്ന്‍ എന്നിലെ കൊച്ചു കുട്ടി ആശിച്ചു. ഒരെണ്ണം തിന്നാല്‍കൊള്ളാം. സംഭവം ഉമ്മച്ചിയുടെ അടുത്ത് പറഞ്ഞു. 
ജങ്ക ജഗ ജഗ..........
പറ്റില്ല...!!!
കാരണം മറ്റൊന്നുമല്ല. മിട്ടായി-പലഹാര വിരോധിയും സര്‍വ്വോപരി പ്രകൃതി ചികിത്സാ വിദഗ്ദ്ധനുമായ മിസ്റ്റര്‍ വാപ്പ തന്നെ. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ് എന്നതുപോലെ മിട്ടായിയും പലഹാരങ്ങളും വാപ്പയുടെ കണ്ണില്‍ നിഷിദ്ധമാണ്.....  മേടിക്കുന്നത് കണ്ടു കഴിഞ്ഞാല്‍ എട്ടിന്‍റെയും പതിനാറിന്‍റെയും പണി ഒരുമിച്ച് കിട്ടും. അതുകൊണ്ട് തന്നെ എന്നെയും വലിച്ച് നിരക്കി വീടണയാന്‍ ഉമ്മച്ചി തീരുമാനിച്ചു. എനിക്കാണെങ്കില്‍ പോപ്പിന്‍സ്‌ ഇപ്പൊ കിട്ടണം.

അസീസിക്കയുടെ കടയിലെ ചില്ല് ഭരണിയിലേക്ക് എന്നെ ആരോ പിടിച്ച് വലിക്കുന്നതു പോലെ എനിക്ക് തോന്നി....

റോഡില്‍ ഉരുണ്ടുമറിഞ്ഞുള്ള  നീണ്ട കരച്ചിലിനും പിടിവലികള്‍ക്കും ശേഷം ഉമ്മച്ചി സമ്മതിച്ചു. രണ്ട് അടി കിട്ടിയെങ്കിലെന്താ.... സംഭവം മേടിച്ച് താരാമെന്ന്‍ പറഞ്ഞല്ലോ...!!! അങ്ങനെ അസീസിക്കയുടെ കട ലക്ഷ്യമാക്കി വാപ്പ കാണുന്നുണ്ടോ എന്നും നോക്കി ഞങ്ങള്‍ നടന്നു. കടയിലെത്തി, സംഭവം പോക്കറ്റിലാക്കി. രണ്ട് രൂപ.

ഇപ്പൊ തിന്നാലോ..!!!

വേണ്ട... വീട്ടിലെത്തട്ടെ....

ഒന്നുമറിയാത്ത മട്ടില്‍ മങ്കള്‍യാന്‍റെ വേഗതയില്‍ ഞങ്ങള്‍ കവലയിലെ ഓട്ടോ സ്റ്റാന്‍ഡ് പിന്നിട്ടു. പെട്ടെന്നാരോ പിന്നില്‍ നിന്നും വിളിച്ചു.

വാപ്പച്ചി....!!!!!

എന്തെങ്കിലും കാര്യം ഉമ്മച്ചിയോട് പറയാന്‍വിട്ടുപോയിട്ടുണ്ടാവും. വാപ്പ വരുന്നത് വരെ കനാലിന്‍ ചെരുവിലെ പച്ചപ്പും വെള്ളവും മീനുകളും പായലും വരെ ഞാന്‍ നോക്കി നിന്നു. കനാലിലെ വര്‍ണ്ണാഭമായ കാഴ്ചകളിലേക്ക് എന്നിലെ പിഞ്ചു ബാലന്‍ ഊളിയിട്ടു. അങ്ങനെ നോക്കി നിക്കുമ്പോളതാ ആരോ കയ്യില്‍ കയറിപ്പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വീണ്ടും വാപ്പ....!!!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

കയ്യില്‍നിന്നും പോപ്പിന്‍സ്‌ വാങ്ങി ഞാന്‍ നോക്കി നിന്ന കനാലിലേക്ക് തന്നെ മലിംഗ സ്റ്റൈലില്‍ ഒരേറ്.... പോപ്പിന്‍സ്‌ പായലുകള്‍ക്കിടയിലേക്ക് മാഞ്ഞു. പാവം മീനുകള്‍ക്ക് കഴിക്കാനായിരിക്കും വിധി.

അപ്പോഴത്തെ എന്‍റെ അവസ്ഥ....

കട്ടഞ്ചായില്‍ ടൈഗര്‍ ബിസ്കറ്റ് വീണവന്‍റെ മനപ്രയാസം ഒന്ന്‍ ഊഹിക്കാവുന്നതേയുള്ളു. ഞാന്‍ കരഞ്ഞുകാണില്ല എന്നുംകൂടി ഊഹിച്ചോ. ;) അങ്ങനെ നിറമിഴികളുമായി ഞാന്‍ വീട്ടിലേക്ക് നടന്നകന്നു.

ഇപ്പൊ പോപ്പിന്‍സ്‌ കാണുമ്പോ ഒരുതരം പുച്ഛമാണ്. ഒരു ലോഡ് പുച്ഛം ഞാന്‍ വാരി വിതറും.... വീണ്ടും ഒരനുഭവം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം പങ്കുവെച്ചുകൊണ്ട്....എപ്പിടപ്പി

 ::മിസ്സായ ഗാന്ധിത്തല::


-എപ്പിടപ്പി അന്ന് രാത്രി ഞാൻ തറവാട്ടിലാണ്‌ കിടന്നത്‌. രാത്രി മൂന്ന് മണിയായപ്പൊ ജനലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട്‌ തുറന്ന് നോക്കിയപ്പോൾ വാപ്പച്ചി.... പാതിരാത്രി വെല്യൊരു വടിയും പിടിച്ച്‌ നിക്കാ... ഒരു സന്തോഷ വാർത്ത പറയാൻ... എന്റെ പെഴ്സ്‌ കള്ളൻ കൊണ്ടുപോയി...!!!!
കള്ളന്‌ പറ്റിപ്പോയി... രാത്രി ഈ ചെങ്ങായി വീടിന്റെ ജനലിലൂടെ കയ്യിട്ട്‌ തപ്പിയപ്പോ കയ്യിൽ തടഞ്ഞത്‌ എന്റെ പെഴ്സ്‌....... ശബ്ദം കേട്ട്‌ ഉറക്കത്തിലും ഉണർന്നിരിക്കുന്ന മഹാനായ എന്റെ വാപ്പ സംഭവം കണ്ടു... വേഗം പോയി ആ അളിയനെ (കള്ളനെ) പിടിക്കാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയ വാപ്പ കണ്ടത്‌ തോർത്തുമുടുത്ത്‌ എസ്കേപ്പാകുന്ന മിസ്റ്റർ കള്ളനെയാണ്‌..... കൊച്ചാപ്പയും വാപ്പച്ചിയും ഒരിക്കായും കൂടി കുറേ തപ്പിയിട്ടും ആശാൻ എസ്കേപ്പായിരുന്നു... ഇതെല്ലാം കേട്ട്‌ തറവാടിന്റെ വാതിൽപ്പടിയിൽ നിന്ന ഞാൻ അവിടത്തന്നെ കുത്തിയിരുന്ന് ചിരിച്ചു. ബികോസ്‌ ഈ ചെങ്ങായി വന്നത്‌ എന്റെ വീട്ടിലായിരുന്നു. അടിച്ചോണ്ട്‌ പോയത്‌ എന്റെ പെഴ്സായിരുന്നു...!!! ആഹ്‌ എന്തെങ്കിലും ആകട്ടെ എന്ന് കരുതി കാര്യമറിഞ്ഞ്‌ വീട്ടിലെത്തിയ ഞാൻ നോക്കുമ്പോളതാ എന്റെ പാവം പെഴ്സ്‌ നിലത്ത്‌ കിടക്കുന്നു... ആവേശവും ആകാംക്ഷയും ഒരുമിച്ച്‌ വന്ന ഞാൻ പെഴ്സെടുത്ത്‌ തുറന്ന് നോക്കി... പണി പാളി......!!!
.
.
.
.
.
.
.
.
.
പത്ത്‌ രൂപ കാണാനില്ല.... പോട്ടെ.... സൈഡിലെ കള്ളിയിൽ കിടന്ന ചില്ലറ കാണാനില്ല.... അതും പോട്ടെ സൈഡിലെ കള്ളി തുറന്നപ്പോ അതാ ഇരിക്കുന്നു 'നൂറിന്റെ ഗാന്തിത്തല'....... ഞാൻ കുത്തിയിരുന്ന് ചിരിച്ചു.......
"പാവം കള്ളൻ ശശിയായി...."
അയാള്‌ തിടുക്കത്തിൽ എടുത്തപ്പോ മിസ്സായതായിരിക്കും എന്നോർത്ത്‌ സമാധാനിച്ചുകൊണ്ട്‌ ഓർമ്മ പുതുക്കി സ്വന്തം എപ്പി

:: മരണത്തിന്‍ മഞ്ചലേറിടുമ്പോള്‍ ::


                                                                         -എപ്പിടപ്പി
ഒരു നാൾ പോകേണ്ടവനാണു
നീ മനുഷ്യാ
തിരിച്ചറിഞ്ഞീടും നീ
മരണത്തിൻ മഞ്ചലേറിടുമ്പോൾ
പകച്ചീടും കരഞ്ഞീടും
ഭയവിഹ്വലനായ്‌ പരിഭ്രാന്തനായ്‌
അട്ടഹസിച്ചീടും
കൊട്ടാരമില്ലവിടെ പരിചാരകരില്ലാ
ഉന്മാദ ലഹരിയതൊട്ടുമില്ലാ
കഴുകിടും നിൻ ശരീരം കർപ്പൂരത്തിൽ
കഴിയുമോ നിൻ ഹൃദയത്തിൻ
കറ നീക്കിടാൻ
മനസ്സിലാക്കും നീ 
വെറുമൊരു യാത്രികനെന്ന്
തിരിച്ചറിഞ്ഞീടും
അവസാന യാത്രയെന്ന്
വെമ്പലിൽ തീർത്ത
നിറ മിഴികളുമായ്‌ ബന്ധുമിത്രാതികൾ
യാത്ര ചൊല്ലീടുന്നു
തഖ്ബീറിൻ മന്ത്രധ്വനികൾ നിന്നെ ആനയിക്കും
ആറടി മണ്ണിലേക്ക്
അറിയും നീ വെറും മണ്ണാണെന്ന്
അലിഞ്ഞ്‌ ചേരും നീ
ആ മണ്ണിലേക്ക്
മണ്ണാണ്‌ നീ
വെറും മണ്ണ്